മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല, വാക്കുകളെ വർഗീയമായി വളച്ചൊടിച്ചു: എം ബി രാജേഷ്
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുകയാണ്. മലപ്പുറത്തെ കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കാലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണ്. ആ കള്ളക്കടത്ത് സ്വർണം ഏതു കാര്യത്തിന് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഇപ്പോൾ ഈ തിരക്കഥ എവിടെ നിന്നും വന്നു എന്ന് വ്യക്തമാണ്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തതെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി.
കള്ളക്കടത്തിനെ എതിർക്കുമ്പോൾ, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളിൽ കൊണ്ടുപോയി ചാരുമ്പോൾ, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എംബി രാജേഷ് വിശദീകരിച്ചു. അൻവറിനെ സി പി എം ഒരുകാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ല. പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുമെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.