'ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റ്': മാലിന്യ നിർമാർജനത്തിൽ സർക്കാർ കാര്യമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി മരിച്ചത് ദാരുണ സംഭവമാണെന്ന് മന്ത്രി എംബി രാജേഷ്. ഇത്തരം സംഭവം ഉണ്ടാകുമ്പോൾ വിമർശനവുമായി ചിലർ വരും. പിന്നെ ചർച്ചയാകുമെന്നും മന്ത്രി പറഞ്ഞു. വിമർശനങ്ങൾ നല്ലത് തന്നെയാണ്. പുതിയ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ ഈ വിമർശിക്കുന്നവർ തന്നെ പലപ്പോഴും ചില കാര്യങ്ങൾക്ക് തടസം നിൽക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
കേരളത്തിലെ മാലിന്യ നിർമാർജനത്തിൽ ഒന്നും നടക്കുന്നില്ല എന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണെന്ന് പറഞ്ഞ മന്ത്രി മാലിന്യ സംസ്കരണത്തിൽ റെയിൽവേ അനാസ്ഥയുണ്ടെന്ന് ആവർത്തിച്ചു. വന്ദേ ഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റികിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നു. റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാണെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.