'വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു'; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. 10 മുതൽ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വൻകിട വ്യവസായികളിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാടാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.