മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ
സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ഇഴയുന്നു. ഫണ്ടില്ലാത്തതിനാൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരുമാസം കഴിഞ്ഞിട്ടും പദ്ധതി നിർമാണത്തിന് വേഗമില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകൾ ഉടൻ ലഭ്യമാകുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. ഈ 11.2 കിലോ മീറ്റർ ദൂരത്തിൽ മാസങ്ങൾക്ക് മുമ്പ് റോഡ് വീതി കൂട്ടലും കാന പുനർനിർമാണവുമെല്ലാം ആരംഭിച്ചതാണ്. പക്ഷേ തുടക്കത്തിലെ ആവേശത്തിന് ശേഷം എല്ലാം നിലച്ചു. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയിട്ടും നിർമാണത്തിന് ജീവൻ വച്ചില്ല. സ്ഥലമേറ്റെടുപ്പിന് ഫണ്ടില്ലാത്തതാണ് പ്രശ്നം.
സ്ഥലം ഏറ്റെടുക്കാൻ അടിയന്തിരമായി 130 കോടി രൂപ വേണം. 134 ഭൂ ഉടമകൾക്കാണ് പണം നൽകേണ്ടത്. ഇതിന് പുറമേ സ്ഥലമേറ്റെടുപ്പ് ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും പണമില്ല. പലതവണ ഇക്കാര്യം അധികൃതർ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർ നടപടിയില്ല. എന്നാൽ കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ല എന്ന നിലപാടിലാണ് കെഎംആർഎൽ
ഇതിനിടെ മെട്രോ രണ്ടാംഘട്ട നിർമാണത്തിന് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ കണ്ടെത്താൻ കെഎംആർഎൽ ടെൻഡർ ക്ഷണിച്ചു. നവംബർ അവസാനത്തോടെ കൺസൾട്ടന്റിനെ കണ്ടെത്തി അടുത്തവർഷം ആദ്യം നിർമാണം ആരംഭിക്കുകയാണ് ലക്ഷ്യം.