'ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം'; ഡിജിപിക്ക് നൽകിയ മൊഴിയിൽ അവർത്തിച്ച് എഡിജിപി
ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താ ന്ത്രേയുമായി കൂടികാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ എഡിജിപി പറഞ്ഞു.
കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും ഒപ്പം സുഹൃത്തായ ജയകുമാർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും എഡിജിപി മൊഴി നൽകി.
അതേസമയം എഡിജിപിക്കെതിരായ അന്വേഷണം നടത്തുന്ന ഡിജിപിയുടെ സംഘത്തിന് മുൻപാകെ മൊഴി നൽകാൻ സമയം വേണമെന്ന് എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാർ ആവശ്യപ്പെട്ടു. കേരളത്തിലല്ല താനുള്ളതെന്നും യാത്രയിലാണെന്നുമാണ് ആർഎസ്എസ് നേതാവ് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.