എഴുതാത്ത കത്തിന്റെ പേരിലാണ് വിവാദമെന്ന് എം.ബി.രാജേഷ്; അന്വേഷണത്തിന് എന്തു പ്രസക്തിയെന്ന് സതീശൻ
തദ്ദേശ സ്ഥാപനങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയിട്ടുള്ള നിയമനങ്ങൾ വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെ തിരുവനന്തപുരം നഗരസഭയിൽ അടക്കം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. എഴുതിയ ആൾ എഴുതിയിട്ടില്ലെന്നും കത്തു കിട്ടേണ്ടയാൾ കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ സംബന്ധിച്ചാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തിരുവനന്തപുരം മേയറുടെതായി പ്രചരിക്കുന്ന കത്തിനെക്കുറിച്ച് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തസ്തികകളിൽ പിഎസ്‌സി വഴിയാണ് നടത്തുന്നത്. അല്ലാത്ത നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നടത്തുന്നത്. താൽക്കാലിക നിയമനങ്ങൾ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നടത്തിയിട്ടുള്ളത്. അതിലൊന്നും സർക്കാർ ഇടപെടാറില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.
അതേസമയം, സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾക്ക് സിപിഎം സമാന്തര റിക്രൂട്ട്‌മെന്റ് സംവിധാനമൊരുക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. പാർട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് തിരുവനന്തപുരം കോർപറേഷൻ മേയറുടെ കത്ത് പുറത്തു വന്നത്. വീതംവയ്പ്പിലുണ്ടായ തർക്കമാണ് കത്തിനെ പുറത്തെത്തിച്ചത്. കത്ത് വ്യാജമാണെന്ന് തദ്ദേശ മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നു വി.ഡി.സതീശൻ ചോദിച്ചു. കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടില്ല. കത്ത് വ്യാജമാണെന്ന് മന്ത്രി ആധികാരികമായി പറയുമ്പോൾ പിന്നെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളതെന്നും വി.ഡി.സതീശൻ പറഞ്ഞു.
എന്നാൽ സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് നടത്തിയ നിയമനങ്ങളെ സംബന്ധിച്ചാണ് വ്യാജ ആക്ഷേപം നടത്തുന്നതെന്ന് എം.ബി.രാജേഷ് പറഞ്ഞു. സംഘടിതമായ കള്ളപ്രചാരണമാണ് സർക്കാരിനെതിരെ നടത്തുന്നത്. യുഡിഎഫ് സർക്കാർ നടത്തിയതിനേക്കാൾ നിയമനം ഒന്നാം പിണറായി സർക്കാർ നടത്തി. 38,840 പേർക്ക് നവംബർ വരെ നിയമനം നടത്തി. 1,99,201 പേർക്ക് 6 വർഷത്തിനിടെ നിയമനം നടത്തി. ഇത്രയം നിയമനം നടത്തിയ പിഎസ്സി വേറെയില്ല. 181 പുതിയ ഐടി കമ്പനികൾ പിണറായി സർക്കാരിന്റെ കാലത്ത് പ്രവർത്തനം ആരംഭിച്ചതായും എം.ബി.രാജേഷ് പറഞ്ഞു.