'പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു, ശരശയ്യയിൽ കിടന്നാലും പോരാട്ടം തുടരും'; മാത്യു കുഴൽനാടൻ
മുതലാളിത്തത്തിനു മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാവാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ആരൊക്കെ എന്തൊക്കെ തരത്തിലുള്ള പ്രതിരോധം തീർത്താലും പിണറായിയുടെ കസേരയിലെ നാളുകൾ എണ്ണപ്പെട്ടു. കൽപറ്റ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എത്ര അസ്ത്രങ്ങൾ ഏൽക്കേണ്ടി വന്നാലും, ശരശയ്യയിൽ കിടന്നാലും പിണറായിക്കെതിരായ പോരാട്ടത്തിൽനിന്ന് കടുകുമണി പോലും പിന്നോട്ടുപോകില്ല. മതേതരചേരിയിൽ നിൽക്കുന്ന ഒരു നേതാവും രാഹുൽ ഗാന്ധിയെ ഇകഴ്ത്തി സംസാരിക്കില്ല. രാഹുലിനെ പിണറായി വിമർശിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു വേണ്ടിയല്ല, മറിച്ചു നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ്. കേന്ദ്രസർക്കാർ ഇ.ഡി, സിബിഐ, ഐടി വകുപ്പ് എന്നീ ആയുധങ്ങൾ ചൂണ്ടി ആയിരക്കണക്കിനു കേസുകളാണെടുക്കുന്നത്. ഇതിന്റെ ഭാഗമായി സാന്റിയാഗോ മാർട്ടിനിൽ നിന്നുൾപ്പെടെ 11,000 കോടി രൂപയാണു ബിജെപി വാങ്ങിക്കൂട്ടിയത്.
മകളുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടിലേക്കു കേരളത്തിൽ പിണറായി വിജയനും ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജൻസ് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളിൽ നിന്നുപോലും എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു കോടികൾ എത്തി. ഇപ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ തുടരുന്നത് മോദിയുടെ ഔദാര്യമാണ്. 3 ഏജൻസികൾക്കും അന്വേഷിക്കാവുന്ന വിഷയങ്ങളാണു മകൾക്കെതിരെയുള്ളത്. സിപിഎമ്മിനെതിരെ ആശയപരമായ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ആ പാർട്ടിക്ക് അന്തസ്സുണ്ടായിരുന്നു. ഇന്നലെകളിൽ തൊഴിലാളികളുടെ ഗന്ധമുണ്ടായിരുന്നു.
അടുത്തിടെ കിറ്റെക്സ് മുതലാളി പറഞ്ഞത് തനിക്കെതിരെ ചെറുവിരലനക്കിയാൽ മുഖ്യമന്ത്രിയുടെ മകളെ അകത്തിടുമെന്നാണ്. എന്നാൽ ഇങ്ങനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ തയാറായില്ല. രാജ്യത്തിന്റെ മതേതരചിന്തയ്ക്കു വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിനെ വിജയിപ്പിക്കുന്നതിലൂടെ വയനാട് വലിയ ചരിത്ര ദൗത്യമാണ് നിറവേറ്റാൻ പോകുന്നതെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.