ഇനി കണ്ടെത്താനുള്ളത് 131 പേരെ; ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തെരച്ചില്‍
ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തെരച്ചില്‍. രാവിലെ 11 മണി വരെയാണ് തിരച്ചില്‍ നടത്തുക. നിലവില്‍ തിരച്ചില്‍ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകള്‍ക്കും പുറമേ ക്യമ്പില്‍ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും തെരച്ചിലിന് ഇറങ്ങും.
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലാണ് ഇന്നു ജനകീയ തിരച്ചില്‍. വിവിധ സോണുകള്‍ തിരിച്ചാണ് തിരച്ചില്‍ നടത്തുക. ക്യാമ്പുകളില്‍ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലില്‍ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളില്‍ വിവിധ സോണുകളില്‍ എത്തിക്കും. നിലവില്‍ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തുകയാണ് ലക്ഷ്യം.
ഇനിയും 131 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ പുത്തുമലയില്‍ ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളും സംസ്കരിച്ചിരുന്നു. ഇതോടെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളും സംസ്കരിച്ചു.
ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇവിടങ്ങളില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്.