മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; രേഖകൾ പുറത്ത്
കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് രേഖകൾ. ഭരണസമിതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും വലിയ തുക ഭരണ സമിതി വെട്ടിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തില്‍ 66.52 കോടി രൂപ തട്ടിയതിന്‍റെ രേഖകളും പുറത്തുവന്നിരിക്കുകയാണ്.ഭരണസമിതി അംഗങ്ങളുടെ പേരില്‍ ബിനാമി വായ്പകള്‍ എടുത്തു. ബന്ധുക്കളുടെ പേരില്‍ മാത്രം 12.19 കോടി രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. നബാര്‍ഡ് വായ്പയുടെ മറവിലും പണം തട്ടിച്ചതായും രേഖയില്‍ പറയുന്നു.
ബാങ്ക് മുന്‍ പ്രസിഡന്റ് എം എസ് അനിലും കുടുംബവും മാത്രം 2.36 കോടി രൂപ വായ്പ കുടിശിക വരുത്തിയെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ബാങ്കിന്റെ വ്യക്തിഗത വായ്പ പരിധിയും ലംഘിച്ച് എം എസ് അനില്‍ 27.41 ലക്ഷം രൂപ കൈപ്പറ്റിയിയിട്ടുണ്ട്. അനിലിന്റെ ഭാര്യ ഷൈലജ കുമാരി 1.55 കോടി രൂപയാണ് വായ്പയെടുത്തു കുടിശ്ശിക വരുത്തിയത്.
ഇപ്പോഴത്തെ പ്രസിഡന്റും അനിലിന്റെ മകളുമായ എം എസ് പാര്‍വ്വതിയാകട്ടെ 15.79 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടക്കാനുണ്ടെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും വായ്പ എടുത്തതിനു പുറമേ ചട്ടം ലംഘിച്ച് പലര്‍ക്കും ജാമ്യം നിന്നതായും ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.