'ബിജെപിക്ക് ലഭിച്ച താൽക്കാലിക ആശ്വാസം, സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും'; മഞ്ചേശ്വരം കേസിൽ അപ്പീൽ നൽകുമെന്ന് സിപിഎം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകാൻ സിപിഎം. കേസിന്റെ വിധി വന്നതായി അറിഞ്ഞു. എന്നാൽ വിശദമായി പഠിച്ചിട്ടില്ല. വിശദമായി പഠിച്ച ശേഷം അപ്പീൽ പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പറഞ്ഞു. ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. താൽക്കാലികമായി ബിജെപിക്ക് ലഭിച്ച ആശ്വാസമാണിത്. മേൽക്കോടതിയിൽ പോയി പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്നും വിവി രമേശൻ പറഞ്ഞു.
കോടതിയിൽ കഴിയാവുന്ന തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു. സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും. സുരേന്ദ്രൻ കുറ്റവാളിയാണെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ മേൽക്കോടതിയിൽ പോയി ജനങ്ങൾക്ക് മുന്നിൽ തെളിയിക്കുമെന്നും വിവി രമേശൻ ഒരു മാധ്യമത്തോട് പറഞ്ഞു. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.