ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങൾ
ഐശ്വര്യത്തിന്റെ വിഷു ഇന്ന്. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്.
പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കുത്തരി നിറച്ച് അതിനു മുകളിൽ കണിക്കൊന്ന പൂവും മാങ്ങയും ചക്കയും നാളികേരവും ഉൾപ്പെടെയുള്ള ഫല വർഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. ഭഗവാന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രവും ഒപ്പം വയ്ക്കും. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിച്ചാണു കണി കാണൽ. തുടർന്നു കുടുംബത്തിലെ മുതിർന്നവർ കൈനീട്ടം നൽകും.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണിയൊരുക്കി വീണ്ടുമൊരു വിഷുദിനം കൂടി. നന്മയുടെ ഒരു വർഷം കണി കണ്ടുണരാനും പ്രതീക്ഷയുടെ കൈനീട്ടം വാങ്ങാനും ഒരു വിഷു കൂടി എത്തിയതിന്റെ ആഹ്ലാദത്തിലാണ് ഏവരും. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കും. ജോബി മാത്യു പകർത്തിയ ചിത്രം.
വിഷു കണിക്കും സദ്യയ്ക്കുമായി സാധനങ്ങൾ വാങ്ങാനുള്ള തിരക്കായിരുന്നു ഇന്നലെ വിപണിയിൽ. കണി ഒരുക്കാനുള്ള കണിവെള്ളരിയും കൊന്നപ്പൂക്കളും തേടിയും സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാനും കൂടുതൽപേർ എത്തിയതോടെ നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്കേറി.