അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; ഉത്തരവ് നാളെ ഇറക്കും
അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എംആര്‍ മുരളി അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്. അരളിപ്പൂവിൽ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിൽ നിർണായക തീരുമാനം. സമൂഹത്തിൽ നിലവിൽ ആകെ പടർന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം.
ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻറെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചർച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയിൽ നിന്ന് പൂവോ ഇലയോ മറ്റോ ഇവർ അബദ്ധത്തിൽ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. എന്നാൽ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.