നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി നാളെ ; വിപുലമായ ചടങ്ങുകൾ ഒരുക്കി കുടുംബം
തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ്റെ മരണം സ്വഭാവികമാണോ അസ്വഭാവികമാണോ എന്ന് പറയാൻ കഴിയില്ലെന്ന് പൊലീസ്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചിരുന്നു. മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാര ചടങ്ങുകൾ ഇന്നുണ്ടാകില്ല. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും. നാളെ മഹാസമാധി നടത്താനാണ് ഗോപന്റെ കുടുംബത്തിന്റെ തീരുമാനം. നാളെ വിപുലമായ രീതിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
വിവാദ സമാധി കല്ലറ പൊളിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. അരഭാഗം വരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. വായയിലും ശരീരത്തിന്റെ പകുതി ഭാഗം വരെയും ഭസ്‌മം കൊണ്ട് മൂടിയിരുന്നു. ഒന്നരമണിക്കൂറില്‍ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരിക്കേറ്റതാണോ സ്വഭാവിക മരണം ആണോയെന്നെല്ലാം വിശദമായി പരിശോധിച്ചു. ഇതിൽ സ്വാഭാവിക മരണം തന്നെയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിഷാംശം ഉണ്ടോയെന്ന് അറിയാൻ ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ. പരിശോധനയുടെ ഫലം വരാൻ ഒരാഴ്‌ച സമയമെടുത്തേക്കും.
പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തിയെങ്കിലും മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. അവശനിലയിൽ കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി, അവിടെ വെച്ച് മരിച്ചുവെന്നതടക്കമുള്ള മക്കളുടെ മൊഴിയിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.