തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഇവർക്ക് കാപ്പിയുമായി എത്തിയ ഹോട്ടൽ ജീവനക്കാർ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാർ കതക് തകർത്ത് റൂമിൽ കയറിയപ്പോഴാണ് സഹോദരിയെ കട്ടിലിൽ മരിച്ച നിലയിലും സഹോദരനെ കെട്ടിതൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
റൂമിൽ നിന്ന് അത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കൾ ഉണ്ടായിരുന്നിട്ടും തങ്ങൾ അനാഥരെപ്പോലെയാണെന്നും വീടും ജോലിയുമില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഒപ്പം മഹാരാഷ്ട്രയിൽ നിന്ന് ബന്ധുക്കൾ വന്നാൽ മൃതദേഹം അവർക്ക് വിട്ടുകൊടുക്കരുതെന്നും കുറിപ്പിലുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സാർത്ഥമാണ് ഇവർ തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഹോട്ടലിൽ നൽകിയ വിവരം. ഇന്നലെ വൈകിട്ടും പുറത്ത് പോയി വന്ന ഇവർ രാവിലത്തേക്ക് ഭക്ഷണം ഓര്‍ഡര്‍. പോലീസ് അന്വേഷണം ആരംഭിച്ചു.