മാടായി കോളേജ് നിയമന വിവാദം; പണം വാങ്ങിയാണ് നിയമനം നൽകുന്നതെന്ന് അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി
നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയത്.
നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു. പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും നിധീഷ് ആരോപിച്ചു.
മാടായി കോളേജിലെ നിയമന വിവാദത്തിൽ വിശദീകരണവുമായി നേരത്തെ എംകെ രാഘവൻ എംപി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.