കെഎസ്യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്ഐക്ക്: വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദൻ
വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ പങ്ക് എസ്എഫ്‌ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
''ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്‌ഐ തകർക്കാനാവില്ല. വ്യാജരേഖ കേസിൽ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞവരെ സിപിഎമ്മുകാർ സഹായിച്ചോയെന്ന് അന്വേഷിക്കട്ടെ. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ തിരുത്തും. വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും ശക്തമായ നടപടിയെടുക്കും. ബാബുജാൻ സിൻഡിക്കറ്റ് അംഗമെന്ന നിലയിൽ പലതിലും ഇടപെട്ടിട്ടുണ്ടാവും. പ്രിയ വർഗീസിന് അനുകൂലമായ വിധി മാധ്യമങ്ങൾക്കെതിരായ വിധിയാണ്.''- എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
കേരളത്തിൽ ഒരുതരത്തിലുമുള്ള മാധ്യമവേട്ടയില്ല. വാർത്ത വായിച്ചതിനല്ല, വാർത്തയുണ്ടാക്കിയതിനാണു കേസ്. കുറ്റം ചെയ്തത് മാധ്യമപ്രവർത്തകനായാലും കേസെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.