പ്രവീൺ റാണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പ്രതി പ്രവീൺ റാണ നേപ്പാൾ വഴി വിദേശത്തേയ്ക്കു കടക്കുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. റാണയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്നലെ അറസ്റ്റിലായ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീശിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
പ്രവീൺ റാണയെ പിടിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്. റാണയുടെ വിശ്വസ്തനും അഡ്മിൻ മാനേജരുമായ സതീശിനെയാണ് വിയ്യൂർ എസ്‌ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവിൽ പോയതിന് പിന്നാലെ സേഫ് ആൻറ് സ്‌ട്രോങ്ങിൻറെ ഓഫീസുകളിൽ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. പാലാഴിയിലെ വീട്ടിൽ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവർത്തിച്ചയാളാണ് സതീശ്.