നാലുപേർ പുഴയിൽ വീണെന്ന ലോക്കോ പൈലറ്റിൻറെ മൊഴി; തെരച്ചിൽ ആരംഭിച്ച് പൊലീസ്
ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയിൽവെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേർക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ തെരച്ചിൽ തുടങ്ങി. ഒരാളെ ട്രയിൻ തട്ടുകയും മറ്റ് മൂന്നുപേർ പുഴയിൽ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അർധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.
എന്നാൽ, പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിൻ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. ലോക്കോ പൈലറ്റിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ട്രെയിൻ തട്ടിയെന്ന പറയുന്നയാൾ ഉൾപ്പെടെ നാലുപേരും പുഴയിൽ വീണിട്ടുണ്ടാകമെന്ന സംശയത്തിലാണ് തെരച്ചിൽ നടക്കുന്നത്. നിലവിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവിയുടെ നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടക്കുകയാണ്. എന്നാൽ, ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല.