ലൈഫ് മിഷൻ കോഴക്കേസ്: യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കർ ആണ് ആദ്യം അറസ്റ്റിലായത്.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്‌ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കായിരുന്നു. സന്തോഷ് ഈപ്പൻ നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിർമാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുക കമ്മിഷനായി നൽകി. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.