കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി അന്തരിച്ചു
കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി (70) അന്തരിച്ചു. കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറും ഹോർട്ടികോർപ്പ് മുൻ ചെയർമാനുമായിരുന്നു. തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിച്ചത്. കിസാൻ കോൺഗ്രസ് ദേശീയ കോഓർഡിനേറ്ററായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്. 2020ൽ യുഡിഎഫിൻറെ രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും.
കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് 17 വർഷക്കാലം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2018ൽ കിസാൻ കോൺഗ്രസ് ദേശീയ കോഓർഡിനേറ്ററായി. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്താണ് ഹോർട്ടികോർപ്പ് ചെയർമാനായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻറെ മകനാണ് ലാൽ വർഗീസ് കൽപ്പകവാടി, ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്.