വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണം; നിർമല സീതാരാമനെ കണ്ട് കെ.വി തോമസ്
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി കെവി തോമസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് ശേഷം പ്രകൃതി ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന് കെ.വി തോമസ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര- കേരള മാനദണ്ഡങ്ങളിൽ ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ് ഈ കാലതാമസം എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജി എസ് ടി യുടെ കാര്യത്തിൽ സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചുണ്ടെന്നും ഇനിയുള്ള കാര്യങ്ങളിൽ വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ജിഎസ്‍ടിയി ഇപ്പോഴുള്ള കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്നത് 50-50 എന്ന് ആക്കണമെന്നും സെസുകളും സർചാർജുകളും സാവധാനത്തിൽ ഒഴിവാക്കി എല്ലാ വരുമാനങ്ങളുടെയും ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്കും ലഭ്യമാക്കണമെന്നതാണ് കേരളത്തിന്‍റെ നിലപാട്. സംസ്ഥാന വികസനത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി കടമെടുക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽനിന്ന് കുറച്ചുകൂടി ഉദാര സമീപനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു . ഇതെല്ലാം താമസിയാതെ പരിഹരിക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി കെവി തോമസിന് ഉറപ്പുനൽകി .