മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ്; കേരളത്തിൽ കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍
കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് 22 സ്ഥലങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നു. സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാനാണ് തീരുമാനം. കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസി കുറിപ്പ്:
ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആര്‍ടിസിയിലൂടെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്.
കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് ഇപ്പോള്‍ വഹിക്കേണ്ടി വരുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ ഉപയുക്തമാകുന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ ചുമതലയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന പ്രസ്തുത ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.
ആദ്യഘട്ടത്തില്‍ സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര (RW), പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍ (RW), ചിറ്റൂര്‍, കോഴിക്കോട് (RW), മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങി 22 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.