ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യം, പാർട്ടി എപ്പോഴും എഡിഎമ്മിന്റെ കുടുംബത്തിന് ഒപ്പം; കെപി ഉദയഭാനു
നവീൻബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് എഡിഎമ്മിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ദിവ്യ, ഇന്നലെ പൊലീസുമായുണ്ടാക്കിയ ധാരണപ്രകാരം കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ എഡിഎം നവീൻബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി, വിഷയത്തിൽ സർക്കാർ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയോട് ഒന്നുകൂടി അറിയിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ നവീൻബാബുവിന്റെ കുടുംബം പാർട്ടിയുടെ ഭാഗമാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്‌തെന്ന് പറഞ്ഞു.
കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കേണ്ടതുണ്ടെന്നും പ്രശാന്തന്റെ പങ്കിൽ കുടുംബത്തിന് സംശയം ഉണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. ഇരയ്ക്കും വേട്ടക്കാരനും ഒപ്പമല്ല പാർട്ടി. ചില മാധ്യമങ്ങൾ അങ്ങനെ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണെന്നും ഉദയഭാനു പറഞ്ഞു.