കോഴിക്കോട് ട്രെയിൻ ആക്രമണം; മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ കേരളത്തിൽ
കോഴിക്കോട് ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ കേരളത്തിലെത്തി. കേസിൽ തീവ്രവാദബന്ധം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് എടിഎസ് സംഘങ്ങളെത്തിയത്. ഐബി ഉൾപ്പെടെ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം തുടരുന്നുണ്ട്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂർ വരെയുള്ള യാത്രയിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യൽ വിവരങ്ങൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. ഏപ്രിൽ 2ന് രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ കണ്ണൂർ വരെ യാത്ര ചെയ്തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയിൽ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനിൽ തന്നെയാണോ പ്രതി കണ്ണൂരിൽ എത്തിയതെന്നും പരിശോധിക്കുന്നു.