കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് ; അതിജീവിതയുടെ സമരം റോഡിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നെന്ന് ആരോപിച്ചാണ് മാനാഞ്ചിറയിൽ റോഡിൽ നിന്നുള്ള അതിജീവിതയുടെ പ്രതിഷേധം. അതിജീവിതയ്ക്ക് ഐക്യദാർഡ്യവുമായി സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ട്. അതിജീവിത നൽകിയ അപ്പീലിൽ വിവരാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത് ഇന്നാണെന്നും ആരോപണമുണ്ട്.
മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിൽ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് നൽകാൻ തയ്യാറായിരുന്നില്ല. ഒപ്പം നിന്ന നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്കായി അതിജീവിത രണ്ടാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്.