സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നു നാട്ടുകാർ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.