കുട്ടിയെ തട്ടിക്കൊണ്ടു പോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും; കാര്‍ കസ്റ്റഡിയിലെടുത്തു, പിടിയിലായത് ഹോട്ടലിൽ ഭക്ഷണം കഴിക്കവെ
ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ 3 വാഹനങ്ങളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
സംഭവം നടന്ന് അഞ്ചാം ദിവസമാണ് മൂന്നു പേർ കസ്റ്റഡിയിലായിരിക്കുന്നത്. പുളിയറൈയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസ്സുകാരിയുടെ വീട്. ഇവരുടെ വീടിന് മുന്നിൽ സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടെ രേഖാചിത്രങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്‍റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ച സ്ത്രീയുടെയുമാണ് രേഖാചിത്രം. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്ന് കുട്ടി പൊലീസിനോട് പറഞ്ഞത്.
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പത്തനംതിട്ട ജില്ല നേതാവാണ് കുട്ടിയുടെ പിതാവ്. ഇയാളിൽ നിന്ന് രണ്ടുതവണയായി മണിക്കൂറുകളോളം മൊഴിയെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളിലേക്കടക്കം അന്വേഷണം നീളുന്നുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി ഫ്ലാറ്റിൽനിന്ന് ഇദ്ദേഹത്തിന്‍റെ ഒരു ഫോൺകസ്റ്റഡിയിലെടുത്തിരുന്നു.