ബജറ്റവതരണം തുടങ്ങി; സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു.
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള നാലാമത്തെ സമ്പൂർണ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയുടെ ബലഹീനതയിൽ ആശങ്ക തുടരുന്നു. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്രം തള്ളിവിടുന്നു. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവമാണ്. ‘തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല' എന്നതായിരിക്കണം മുദ്രാവാക്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ
‘വേറിട്ട മാതൃകകൾ നടപ്പാക്കും. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും.’
‘ഭാവികേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും'.
‘വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷൽ ഡെവലെപ്മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാധ്യതയുണ്ട്.’
‘ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന നൽകുന്നു. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതിനൊപ്പം ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നു. 8 മണിക്കൂർകൊണ്ട് കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ എത്താം.
‘തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുന്നു. യാത്രക്കാർ ദുരിതത്തിലാണ്.’
‘വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി ഇടതുപക്ഷസർക്കാർ പറഞ്ഞകാര്യങ്ങളുടെ യാഥാർഥ്യം ജനങ്ങൾക്കു വ്യക്തമായി. സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും’.
‘കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്.’
‘രാജ്യാന്തര തലത്തിലെ യുദ്ധങ്ങൾ തുടർന്നാൽ കേരളത്തെ സാമ്പത്തികമായി ബാധിക്കും. പ്രളയത്തെയും കോവിഡിനെയും നേരിട്ടതുപോലെ സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേരളം അതിനെ നേരിടും.’
‘കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം.
‘ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ല. ചെലവ് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടിയിട്ടില്ല.
‘കേന്ദ്ര അവഗണന പാരമ്യത്തിലാണ്. കേന്ദ്രം പ്രഖ്യാപിച്ച മൂലധന വരുമാനം 5000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. 4 വർഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. അത് സ്വപ്ന തുല്യമായ നേട്ടം. നികുതി വരുമാനം ഇനിയും കൂടും.’
‘100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ്.’
‘കേന്ദ്ര അവഗണനയ്ക്ക് ആർബിഐ കണക്കുകൾ തെളിവ്. കേരള മാതൃകയെ തകർക്കാൻ ഗൂഢാലോചന.’
‘ജനത്തെ സർക്കാരിനെതിരെ തിരിച്ചുവിടുന്നു. ഡൽഹി സമരത്തിന് എല്ലാവരുടെയും പിന്തുണ തേടുന്നു. കേന്ദ്രത്തെ എതിർക്കാൻ സ്വന്തം നിലയിലെങ്കിലും പ്രതിപക്ഷം തയാറാകണം. കേരളം അതിജീവന പോരാട്ടത്തിന്റെ ഭൂമി. ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലുള്ള കേരള മാതൃക തകർക്കാനാണ് ശ്രമം.’
‘ക്ഷേമപെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പ് നടക്കുകയാണ്. എഴുതിയും പറഞ്ഞും കേരളത്തെ തോൽപ്പിക്കാനാകില്ല. കേരളത്തിന്റെ ആത്മവിശ്വാസം തകർക്കാനാകില്ല’.
‘പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഇപ്പോള്‍ അതില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്നു. ഇത് പ്രതീക്ഷാവഹമാണ്. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.’
അടുത്ത വർഷത്തെ കേരളീയം പരിപാടിക്ക് 10 കോടി അനുവദിച്ചു.
ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ 3 കേന്ദ്രങ്ങൾ ആരംഭിക്കും.
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കും.
‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി. ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ചനിലയിൽ നേടുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം.’
‘സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കും’.
‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദഗ്ധരുടെ ടാസ്ക് ഫോഴ്സുകൾ ആരംഭിക്കും.’
‘പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും. കായിക സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം.’
5000 കോടിയുടെ നിക്ഷേപ സമാഹരണം ഉണ്ടാകും. കാർഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപം. വർക്ക് നിയർ ഹോം സെന്ററുകൾക്കായി 10 കോടി. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും.
‘ഭൂമി പൂളിങ് വേഗത്തിലാക്കും. നാളികേരള വികസന പദ്ധതിക്ക് 65 കോടി. വിളപരിപാലനത്തിന് 13 കോടി. കേരള ഫീഡ്സിന് 16 കോടി. 327 കോടിരൂപ മത്സ്യബന്ധന മേഖലയ്ക്ക്.’
‘തീരമേഖലയിലെ പുനർഗേഹം പദ്ധതിക്ക് 40 കോടി. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ്.’
‘മുതലപ്പൊഴിക്ക് 5 കോടിരൂപ. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷത്തിൽ പരിഹരിക്കും. 2.36 ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.’
നാടുകാണിയിൽ സഫാരി പാർക്ക്. ആദ്യഘട്ട നടപടികൾക്ക് 2 കോടി രൂപ അനുവദിച്ചു.
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിനായി 10 കോടി രൂപ കൂടി വകയിരുത്തുന്നു.
കൊച്ചിൻ ഷിപ്‌യാർഡിന് 500 കോടി രൂപ അനുവദിച്ചു.
‘10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി. 2025ൽ അതിദാരിദ്ര്യം ഇല്ലാതാക്കും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കും. കുടുംബശ്രീക്ക് 265 കോടി. ശുചിത്വ മിഷന് 25 കോടി.'
ലൈഫ് പദ്ധതിക്ക് 1136 കോടി.
ചന്ദനകൃഷി പ്രോത്സാഹിപ്പിക്കും. പുത്തൂർ സുവോളജി പാർക്കിന് 6 കോടി. പെരുവണ്ണാമുഴിയിൽ ടൈഗർ സഫാരി പാർക്ക്. വന്യജീവി ആക്രമണം തടയാൻ 48.88 കോടി രൂപ. പ്രാദേശിക ഇക്കോ, ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.’
ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് പറ്റില്ലെന്നു വ്യക്തമാക്കി ധനമന്ത്രി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറല്ല. കേന്ദ്രത്തിന്റെ ലോഗോ വീടുകളിൽ വച്ചില്ലെങ്കിൽ ധനസഹായം നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ പണം സംസ്ഥാനം ചെലവാക്കും.
‘സാക്ഷരതാ പരിപാടിക്ക് 20 കോടി. എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികൾക്കായി 10 കോടി.’
‘ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈപദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടത്.’
‘പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം. 5 കോടി അനുവദിച്ചു. തീരസംരക്ഷണത്തിന് 15 കോടി.’
‘കേരളത്തിൽ നിർമിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനു പ്രായോഗിക നടപടി സ്വീകരിക്കും.’
‘മണ്ണ് സംരക്ഷണത്തിന് 89 കോടി രൂപ. മത്സ്യബന്ധന മേഖലയ്ക്ക് പഞ്ഞമാസ ആശ്വാസത്തിനായി 22 കോടി.’
‘ശബരിമല മാസ്റ്റർ പ്ലാനിനായി 27.6 കോടി രൂപ വകയിരുത്തി. രാജ്യാന്തര വാണിജ്യ ഭവന സമുച്ചയം നിർമിക്കും.’
മേക്ക് ഇൻ കേരള പദ്ധതികൾക്കായി 1829 കോടി അനുവദിച്ചു.
റബ്ബർ താങ്ങുവില 180 രൂപയാക്കി. അതേസമയം, നിലവിൽ കിലോയ്ക്ക് 170 രൂപയാണെന്നും 10 രൂപ കൂട്ടിയിട്ട് എന്തുകാര്യമെന്ന് മോൻസ് ജോസഫ് ചോദിച്ചു.
‘ഊര്‍ജ മേഖലയ്ക്ക് 1150 കോടി. ആലപ്പുഴയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 57 കോടി. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 5 കോടി. ഡാം പുനരുദ്ധാരണ പദ്ധതിക്ക് 20 കോടി.’
ടെക്നോപാർക്കിന് 27.4 കോടി രൂപ അനുവദിച്ചു. സ്റ്റാർട്ട്അപ് മിഷന് 90.52 കോടി രൂപ വകയിരുത്തി.
ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 1000 കോടിരൂപയുടെ റോഡ് നിർമാണ പ്രവർത്തനം നടത്തും. പ്രത്യേക പദ്ധതിയാണിത്.
1779 കോടി വ്യവസായ മേഖലയ്ക്ക് വകയിരുത്തി. പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിനായി 43 കോടി രൂപ അനുവദിച്ചു. എംഎല്എംഇ സംരംഭങ്ങളെ സഹായിക്കാനായി 18 കോടിയും അനുവദിച്ചു.
കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപ, കയർ മേഖലയ്ക്ക 107.64 കോടി രൂപയും ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി 215 കോടിയും അനുവദിച്ചു.
കയർ മേഖലയ്ക്ക് 107.64 കോടിയും ഇടത്തരം വ്യവസായങ്ങൾക്കായി 773.09 കോടി രൂപയും കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിന് 100 കോടിയും അനുവദിച്ചു.
ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ വകയിരുത്തി.
കെഎസ്ആർടിസിക്ക് 128 കോടി അനുവദിച്ചു. പുതിയ ബസുകൾ വാങ്ങാനാണ് ഇതിൽ 92 കോടി അനുവദിച്ചിരിക്കുന്നത്.
സഹകരണമേഖലയ്ക്ക് 134.42 കോടി അനുവദിച്ചു. നിർമിതി കേന്ദ്രത്തിന് 10 കോടി രൂപ വകയിരുത്തി.
കെഎസ്ഇബിക്ക് പ്രളയ പ്രതിരോധത്തിന് 18.18 കോടി അനുവദിക്കും. അനർട്ടിന് 9.2 കോടിയും വകയിരുത്തി.
തിരുവനന്തപുരത്തെ ക്യാൻസർ ചികിത്സാ കേന്ദ്രമായ ആർസിസിക്ക് 73 കോടി അനുവദിച്ചു. വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടിയും അനുവദിച്ചു.
എഐ സാങ്കേതിക വിദ്യകളെക്കുറിച്ച് മനസിലാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് 1 കോടി അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.സംസ്ഥാന ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന് 16.1 കോടി.പിഎം ആവാസ് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 133 കോടി രൂപ അനുവദിച്ചു. കേന്ദ്രത്തിന്റെ ഭവനനിർമാണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപ അനുവദിച്ചു. രാജ്യാന്തര വാണിജ്യ ഭവന സമുച്ചയം നിർമിക്കും.
കേരളത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റും. 2000 വൈഫൈ പോയിന്റുകൾക്ക് 25 കോടി അനുവദിച്ചു. സ്റ്റാർട്ടപ്പ് മിഷന് 90.52 കോടിയും അനുവദിച്ചു.
ടൂറിസം വികസനത്തിന് 351 കോടി രൂപയും പ്രാദേശിക ടൂറിസത്തിന് 136 കോടിയും തെൻമല ഇക്കോ ടൂറിസത്തിന് 2 കോടിയും വകയിരുത്തി.
കാർഷിക സർവകലാശാലയ്ക്ക് 75 കോടി വകയിരുത്തി.
സ്കൂൾ ആധുനികവത്കരണത്തിന് 31 കോടി. പൊതു വിദ്യാഭ്യാസ മേഖലയിൽ 1000 കോടിയുടെ വികസനമുണ്ടാകും. എല്ലാ ജില്ലയിലും ഒരു മോഡൽ സ്കൂൾ ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന് ധനമന്ത്രി. സ്വകാര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റില്‍ നിര്‍ദേശിച്ച നയം. സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അക്കാദമിക് കോണ്‍ക്ലേവുകൾ നടത്തും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് കോണ്‍ക്ലേവുകളിലേക്ക് പോവുക.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാക്കേജുകളും നയത്തിന്റെ ഭാഗമാകും. വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കും. കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
കലാമണ്ഡലത്തിന് 19 കോടി രൂപ അനുവദിച്ചു. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കൊച്ചിയിൽ മ്യൂസിയം – കൾച്ചറൽ സെന്ററിന് 5 കോടി രൂപയും അനുവദിച്ചു.
5 ജില്ലകളിൽ പുതിയ നഴ്സിങ് കോളജുകൾ അനുവദിക്കും. ഇതിനായി 13.78 കോടി വകയിരുത്തി. കാരുണ്യ പദ്ധതിക്ക് 678 .45 കോടിയും അനുവദിച്ചു.
സ്കൂൾ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ പദ്ധതി. 3.1 കോടി അനുവദിച്ചു. സ്പെയ്സ് പാർക്ക് 52 കോടിയും വകയിരുത്തി.
സർക്കാർ ആശുപത്രികളുടെ നടത്തിപ്പിന് സഹായം സ്വീകരിക്കും. ഇതിനായി സ്വകാര്യ ഫണ്ട് സമാഹരിക്കും. 678.54 കോടി കാരുണ്യ പദ്ധതിക്ക് വകയിരുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി അനുവദിക്കും. ലബോറട്ടറി നവീകരണത്തിന് 7 കോടി. കാരുണ്യ പദ്ധതിക്കായി ഈ സർക്കാർ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 57 കോടി പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പിന് തുക വകയിരുത്തി.
ഭൂരഹിതരമായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി ഉൾപ്പെടെ പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി. പാലക്കാട് മെഡിക്കൽ കോളജിന് 50 കോടിയും അനുവദിച്ചു. എസ്‌സി, എസ്‌ടി വിദ്യാർഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടിയും അനുവദിച്ചു.
ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുവദിച്ചു.
കേന്ദ്രസർക്കാർ നിർത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. മാർഗദീപം എന്ന പേരിലുള്ള പദ്ധതിക്ക് തുക വകയിരുത്തി.
ഹൈക്കോടതികളും കീഴ്‌ക്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ ചർച്ച നടത്തിയതിന്റെ ഫലമായി ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനമായി.
എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി.
വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിച്ചു.
വിജിലൻസിന് 5 കോടി. പൊലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന് 14.5 കോടിയും അനുവദിച്ചു.
മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.
അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്ക് 1.2 കോടിയും വകയിരുത്തി.
പ്രവാസികളുടെ പുനരധിവാസ പദ്ധിക്കായി 44 കോടി അനുവദിച്ചു. ചികിത്സാ സഹായം ഉൾപ്പെടെ നൽകും. സ്വയംതൊഴിൽ പദ്ധതികൾക്കായും തുക വകയിരുത്തി.
പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ വിഹിതം 50 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി വർധിപ്പിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ മഴവില്ല് പദ്ധതി 5 കോടി. നിർഭയ പദ്ധതിക്ക് 10 കോടി. സ്ത്രീ സുരക്ഷയ്ക്ക് 10 കോടിയും വകയിരുത്തി.
ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കും. പെൻഷൻ തുകയിൽ വർധനയില്ല. നിലവിൽ പ്രതിമാസ പെൻഷൻ 1600 രൂപയാണ്. ജനുവരി അവസാനമാകുമ്പോൾ 6 മാസം കുടിശികയാകും. 900 കോടിരൂപയാണ് ഒരു മാസം പെൻഷനായി വേണ്ടത്. പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വമുള്ള പെൻഷൻ പദ്ധതി നടപ്പിലാക്കും. . മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ജീവനക്കാർ ഒരു ഗഡു ഡിഎ ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകും.
ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും.
കോടതി ഫീസുകളിലെ നിരക്ക് വർധനയിലൂടെ 50 കോടിരൂപ അധികം പ്രതീക്ഷിക്കുന്നു.
അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും. കോടതി ഫീസുകളിലം പരിഷ്കരണമുണ്ട്. മോട്ടർ വാഹന നിരക്കുകൾ പരിഷ്കരിക്കും.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുമ്പോഴുള്ള നികുതി കുറച്ചു. പുതിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്ന ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതു മാറ്റുന്നതിനാണ് നികുതി കുറച്ചത്.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 1.2 പൈസ ആയിരുന്നത് 15 പൈസയാക്കി വർധിപ്പിച്ചു.
ലീസ് സ്റ്റാംപ് ഡ്യൂട്ടി നിരക്കുകൾ വർധിപ്പിക്കും.
മദ്യത്തിന് വില കൂടും. ലീറ്ററിന് 10 രൂപയാണ് കൂടുക. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് തീരുവയാണ് ലീറ്ററിന് 10 രൂപ കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.
ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി 200 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്.
1963ലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് യൂണിറ്റിന് 6 പൈസ എന്നുള്ളത് 10 പൈസയാക്കി വർധിപ്പിച്ചു. 101.41 കോടിയുടെ അധിക വരുമാനം പ്രതീക്ഷ.
ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു.