മുന്നണി മര്യാദ ലംഘിച്ചു; കെകെ ശിവരാമനെ എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി
സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകൾ ലംഘിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുവെന്ന വിമർശനം എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള പാർട്ടി നീക്കം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി.
പാർട്ടിക്ക് ജില്ലാ കൺവീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എൽഡിഎഫ് ജില്ലാ കൺവീനറുടെ ചുമതല.
അതിനിടെ, വിഷയത്തിൽ പ്രതികരിച്ച് കെകെ ശിവരാമൻ രംഗത്തെത്തി. കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്ന് കെകെ ശിവരാമൻ പറഞ്ഞു. തന്നെ മാത്രമല്ല മാറ്റിയത്, സംസ്ഥാനത്തെ നാലു ജില്ലകളിലും മാറ്റം ഉണ്ട്. തനിക്കെതിരെ ആരും പരാതി നൽകിയതായി അറിയില്ല. മുതിർന്ന നേതാവായി പാർട്ടിയിൽ തുടരും. ഫേസ് ബുക്ക് പോസ്റ്റുകൾ പാർട്ടിക്കൊ മുന്നണിക്കോ എതിരായിരുന്നില്ലെന്നും പോസ്റ്റുകൾ ഇനിയും തുടരുമെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.