പിപിഇ കിറ്റ് 1500ന് വാങ്ങിയ സംഭവം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.കെ.ശൈലജ
കോവിഡ് സമയം പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് അവർ പറഞ്ഞു. കുവൈത്തിൽ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
''മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകൾ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്'' അവർ പറഞ്ഞു. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കെ.കെ.ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നൽകിയത്. ശൈലജ നേരിട്ടോ വക്കീൽ മുഖാന്തരമോ ഡിസംബർ 8നു ഹാജരാകണമെന്നാണ് നിർദേശം. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന വീണ എസ്.നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.