കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി; അന്വേഷണത്തിന് തെളിവുകളില്ല, ഹൈക്കോടതി
കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നും കേസുമായി മുന്നോട്ടു പോകാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു.
മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ പരിഗണിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും മതിയായ കാരണങ്ങൾ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
എന്നാൽ പരിഗണനാ വിഷയം മാറിയ സാഹചര്യത്തില്‍ ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.