ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിൽ വിദ്യാഭ്യാസ മന്ത്രിയും കമ്മിറ്റി അധ്യക്ഷനും തമ്മിൽ ഭിന്നത. റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമെന്ന് ഡോ.എം.എ ഖാദര്‍ പറഞ്ഞു.
എന്നാൽ ഖാദര്‍ പറയുന്നത് പോലെ റിപ്പോര്‍ട്ടിലെ മുഴുവൻ ശുപാര്‍ശകളും ധൃതിപിടിച്ച് ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി.
സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടിയും വിമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെയും വിദ്യാഭ്യാസ മന്ത്രിയെയും വിമര്‍ശിച്ച് കമ്മിറ്റി അധ്യക്ഷൻ തന്നെ രംഗത്തെത്തിയത്.
പരസ്യ വിമര്‍ശനത്തിനു പുറമെ വിവാദമായ എയ്ഡഡ് അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നത്, സ്കൂള്‍ സമയമാറ്റം തുടങ്ങിയ സുപ്രധാന തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും ഖാദര്‍ പ്രതികരിച്ചു. ഇതോടെയാണ് വിദ്യാഭ്യാസ മന്ത്രി കമ്മിറ്റി അധ്യക്ഷനെതിരെ വീണ്ടും രംഗത്തെത്തിയത്.
അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ച ശേഷം മാത്രം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.