ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികൾ
ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് മലയാളികൾ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളതായി പുതിയതായി വിവരം ലഭിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിൻ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
കടവന്ത്ര സ്വദേശിയായ ജിസ്‌മോൻ (31) കപ്പലിലെ ഫോർത്ത് ഓഫീസർ ആണ്. വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു. ഉച്ചയ്ക്കാണ് കപ്പൽ ഇറാൻ നാവികസേന പിടികൂടിയത്. മകന്റെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് ജിസ്‌മോന്റെ കുടുംബം ആവശ്യപ്പെട്ടു. കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാനിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് വിവരം. ഒമാൻ ഉൾക്കടലിൽ വച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് നാവികസേന അറിയിച്ചു. ഇറാൻ നേവിയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും യുഎസ് വ്യക്തമാക്കി.