ഉത്തരവുകൾ ഇനി മലയാളത്തിലും; ഔദ്യേഗികാവശ്യത്തിന് ഇംഗ്ലീഷ് വേണം: ഹൈക്കോടതി
ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ.
കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്.
ചീഫ് ജസ്റ്റീസ് എം മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റിൽ ആദ്യം അപ്ലോഡ് ചെയ്തത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാളം പരിഭാഷ തയാറാക്കുന്നത് . അതുകൊണ്ടുതന്നെ മലയാളി പൊതു സമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുളള പദപ്രയോഗങ്ങളും ഉത്തരവിൽ കടുന്നുകൂടിയിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയിൽ നിന്ന് പദാനുപദം തർജിതചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്‍റൻസ് വലിയൊരു പാരഗ്രാഫാണ്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്