ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നു. തുടർനടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
മന്ത്രിമാർ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും ഗവർണർ നടപടിയെടുത്തിട്ടില്ല. നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകൾ ഗവർണർ ഒപ്പിടുകയോ അല്ലെങ്കിൽ സർക്കാരിനു തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. ഗവർണർ ബില്ലുകൾ ഒപ്പിടാത്തപ്രശ്നത്തിൽ ഈയിടെ തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പാതയിലാണ് കേരളത്തിന്റെ നീക്കം.
എട്ടു ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാനുള്ളത്. ഇതിൽ ലോകായുക്ത നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കൽ, വൈസ് ചാൻസലർ നിയമനത്തിന് സർക്കാരിനു മുൻതൂക്കം ലഭിക്കുന്ന അഞ്ചംഗ സെർച്ച് കമ്മിറ്റിക്കുള്ള സർവകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവർണർ. എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാനുണ്ടെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിനുമറുപടി ലഭിക്കാത്തത് സർക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.
ഇതിനിടെയാണ്, ബില്ലുകളെക്കുറിച്ചു വിശദീകരിക്കാൻ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വി.എൻ. വാസവൻ, വി. അബ്ദുറഹ്‌മാൻ, ജെ. ചിഞ്ചുറാണി എന്നിവർ കഴിഞ്ഞമാസം ഗവർണറെ കണ്ടത്. മന്ത്രിമാരുമായി ചർച്ചയ്ക്കുതയ്യാറായെങ്കിലും വിശദീകരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ടു വന്നില്ലെന്നായിരുന്നു ഗവർണറുടെ ചോദ്യം.