ബെനാമി ഇടപാട് ആരോപണം; ശോഭാ സുരേന്ദ്രനെതിരെ കെ.സി.വേണുഗോപാൽ പരാതി നൽകി
ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്.
ബെനാമി ഇടപാടിലൂടെ വേണുഗോപാൽ ആയിരം കോടിയോളം രൂപ സമ്പാദിച്ചെന്നായിരുന്നു ശോഭയുടെ ആരോപണം. രാജസ്ഥാനിലെ മുൻ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാൽ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. കിഷോറാം ഓലയും കെ.സി.വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബെനാമി പേരിൽ വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുൾപ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ.സി.വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.