കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി ആർ അരവിന്ദാക്ഷനേയും ജിൽസനേയും കസ്റ്റഡിയിൽ വിട്ടു
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസിനെയും ഇ.ഡി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് ഇവരെ ഇഡി കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
കേസിൽ പി ആർ അരവിന്ദാക്ഷനിൽ നിന്നും സികെ ജിൽസിനിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പിആർ അരവിന്ദാക്ഷനും സതീഷ് കുമാറും നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡിയുടെ പക്കലുണ്ട്. അതോടൊപ്പം അരവിന്ദാക്ഷനെതിരെ മൊഴികളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇഡി കസ്റ്റഡിയിൽ വാങ്ങുന്നത്.
ജിൽസ് കരുവന്നൂരിൽ നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇഡി കോടതിയെ അറിയിച്ചു. കൂടാതെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കവേ ഇഡി സർക്കാർ സംവിധാനത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും കേസിൽ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.