അക്ഷരലക്ഷം പരീക്ഷയിലെ റാങ്ക് ജേതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു; അന്ത്യം 101 ആം വയസിൽ
അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശി പടീറ്റതിൽ കാർത്ത്യായനിയമ്മ(101) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായിരുന്നു കാർത്ത്യായനിയമ്മ അമ്മ.നാല്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്ക് വാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്.
2017-ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽ.പി.സ്കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ വിവരം പ്രഖ്യാപിക്കുന്നത്.
2018-ലെ നാരീശക്തി പുരസ്കാരജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡൽഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് കാർത്ത്യായനിയമ്മ നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു.