ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങള്‍: കണ്ണൂര്‍ വിസി
ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
'ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല.
സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്. കേരളത്തിൽ ആദ്യഘട്ടത്തിൽ യുജിസി നിയമം പാലിച്ചിരുന്നില്ല.' പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. യുജിസി നിയമനത്തെ കുറിച്ച് പറയുന്നുണ്ട്, അതിൽ പാനൽ വേണമെന്നെല്ലാം പറയുന്നുണ്ട്, അത് ശരിയാണ്.
എന്നാൽ വിസിയെ എങ്ങനെ ടെർമിനേറ്റ് ചെയ്യണമെന്ന് പറയുന്നില്ല. ഓരോ വിസിയെയും പുറത്താക്കാൻ ഓരോ യൂണിവേഴ്സിറ്റിക്കും വേറെ നിയമമാണ്. എല്ലാ വി സി മാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന് താൻ വിചാരിക്കുന്നു. അപ്പോയിൻ്റ് ചെയ്ത ആൾ ആദ്യം തന്നെ അക്കാര്യം പരിശോധിക്കേണ്ടിയിരുന്നു. കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല' എന്ന് കണ്ണൂർ വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.