കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റേയും മകന്റേയും ജാമ്യാപേക്ഷ കോടതി തള്ളി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എൽ എ കോടതി തള്ളി. ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്തിന്‍റെ ജാമ്യാപേക്ഷയും നിരസിച്ചിട്ടുണ്ട്. ഇതിനിടെ ഭാസുരാംഗന്‍റെ ഭാര്യ, മകൾ, മരുമകൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് നിർദേശിച്ചു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തണമെന്നാണ് നിര്‍ദ്ദേശം.
കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ അടക്കം ആറ് പ്രതികൾക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു.