കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; 'പ്രതികളെ സാക്ഷികളാക്കി' അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാരൻ
കോഴിക്കോട് വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ പരാതിക്കാരൻ മുഹമ്മദ് ഖാസിം ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും കേസിൽ പ്രതികളെ പൊലീസ് സാക്ഷികളാക്കി എന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും സാമൂഹ്യ സ്പർധ, വ്യാജരേഖ ചമക്കൽ എന്നിവ ചുമത്തിയിട്ടില്ലെന്നും ഖാസിം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കാഫിർ വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് ആണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണമെന്നും അതിന് പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജയരാജൻ പറഞ്ഞു. അതേസമയം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കാഫിർ പോസ്റ്റ് ഷെയർ ചെയ്ത 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനാണ് മയ്യിൽ സ്വദേശിയായ മനീഷ് മനോഹരൻ. ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്.
കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ നിലപാട്. സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.