വ്യാജരേഖാ കേസിൽ കെ.വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം
അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോ?ഗസ്ഥർക്ക് മുന്നിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, വേറെ കേസുകളിൽ ഉൾപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികൾ വച്ചാണ് 50000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്.
വ്യാജ രേഖാ കേസിൽ കെ വിദ്യയെ മേപ്പയൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ നടന്നത് കോൺഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ജോലിക്കായി വ്യാജരേഖ നൽകിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലിൽ ആവർത്തിക്കുകയായിരുന്നു. അട്ടപ്പാടി കോളജ് പ്രിൻസിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിൻസിപ്പലിനും പങ്കുണ്ടെന്നായിരുന്നു ആരോപണം.
വിദ്യയുടെ ഫോണിൽ നിർണ്ണായക രേഖകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സൈബർസെൽ വിദഗ്ധർ വിദ്യയുടെ ഫോൺ പരിശോധിച്ചു.വ്യാജമായി നിർമ്മിച്ച രേഖയുടെ പകർപ്പ് ഫോണിൽ ഉളളതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.അട്ടപ്പടിയിലും കരിന്തലത്തും സമർപ്പിച്ച വ്യാജ രേഖയുടെ പകർപ്പ് വിദ്യയുടെ ഫോണിൽ നിന്ന് ലഭിച്ചതായാണ് സൂചന.