പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് മുൻകൂർ ജാമ്യം; ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കോടതി
പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരുടെ ആദ്യപരാതിയിൽ തൻറെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷൻ രണ്ടാം പ്രതിയായ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാംപ്രതി. കേസിൽ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാൽ, അന്വേഷണത്തിൻറെ ഇടയിൽ അറസ്റ്റ് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥൻ പറയട്ടെ എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇതോടെ, അറസ്റ്റ് ചെയ്യുകയാണെൽ അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാൻ സുധാകരനോട് നിർദ്ദേശിച്ചു. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.