ബജറ്റില്‍ വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രം തയ്യാറായില്ല; ഈ ക്രൂരത കേരളം മറക്കില്ലെന്ന് കെ രാജന്‍
വയനാട് ദുരന്തബാധിതരെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്‍. രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തത്. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മലയിൽ ഉണ്ടായത്. L3 ഹൈ പ്രഖ്യാപിക്കപ്പെട്ട ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽമലയിലേത്. ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നു. വയനാട്ടിൽ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒരു ജനതയോട് നടത്തുന്ന ക്രൂരമായി ഇടപെടലിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു
ഒരു കേന്ദ്രമന്ത്രി പറഞ്ഞത് കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്നാണ്. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ പറഞ്ഞത്. അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമായിരുന്നു. ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കുമെന്ന് കേരളം പറയുന്നു. കേന്ദ്ര ബജറ്റിന്‍റെ അവഗണനയിലും കേരളം വയനാട് ജനതയ്ക്ക് ഉറപ്പ് നൽകുന്നു. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു