കെ-റെയിൽ; അഞ്ചുമാസമായി ശമ്പളമില്ലാതെ 205 റവന്യു ജീവനക്കാർ
കെ-റെയിലിന്റെ സിൽവർലൈൻ പദ്ധതിസർവേക്ക് റവന്യു വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്ന 205 ജീവനക്കാർക്ക് ശമ്പളമില്ലാതായിട്ട് അഞ്ചുമാസം. ഗസറ്റഡ് ജീവനക്കാർ അല്ലാത്തവർക്ക് നവംബർവരെ ശന്പളം കിട്ടിയിരുന്നു. മറ്റുള്ളവർക്ക് 2023 ഓഗസ്റ്റ് മുതൽ കിട്ടുന്നില്ല.
11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021-ലാണ് ഇവരെ നിയോഗിച്ചത്. പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സിൽവർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയിൽനിന്ന് ശമ്പളം നൽകി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകൾക്ക് ഉണ്ടായിരുന്നു.
ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. തുടർ അനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ഇതാണ് ശമ്പളം മുടങ്ങാൻ ഒരു കാരണം. ശന്പളം അനുവദിക്കാനുള്ള കിഫ്ബിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാത്തതും കാരണമായി.
കെ-റെയിൽപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്. പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തിൽതന്നെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയിൽനിന്ന് ശമ്പളം ലഭിച്ചിരുന്നതും ഇതേ വിലാസം വെച്ചായിരുന്നു.