'സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്; 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു'; കെ മുരളീധരൻ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥിയെന്നും മുരളീധരൻ വ്യക്തമാക്കി.
2019 മുതൽ വെൽഫയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ പിന്തുണയ്‌ക്കുകയെന്നത് വെൽഫയർ പാർട്ടിയുടെ ദേശീയ നയമാണെന്നും മുരളീധരൻ വ്യക്തമാക്കി.
ബിജെപിക്ക് ബദലായി കോൺഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്. ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോൺഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്‌നാട്ടിൽ പിന്തുണ നൽകിയതെന്നും അദ്ദേഹം പറയുന്നു.
സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാർ. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. സാധാരണ ഗതിയിൽ എൻഎസ്‌എസിന്റെ ചടങ്ങിൽ കൂടുതലായും കോൺഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പാലയൂർ പള്ളിയിൽ നടന്ന സംഭവത്തിൽ സർക്കാർ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.