'പൂരം കലക്കിയ ഡീൽ പാലക്കാട്ടും ആവർത്തിക്കാൻ സാധ്യത, പോകുന്നവർ പാർട്ടിയെ കുറിച്ച് നല്ലത് പറയില്ലല്ലോ'; മുരളീധരൻ
തൃശ്ശൂരിൽ പൂരം കലക്കിയ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഡീൽ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
പാർട്ടിയിൽനിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ എടുക്കാറുള്ളൂ. വരുന്നവരുടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റേഷനിലെത്തുമ്പോൾ പത്ത് പേരിറങ്ങിയാൽ ഇരുപത് പേര് കേറും. അതിനെ കുറിച്ച് ആരും പറയുന്നില്ല. ഇനിയിപ്പോൾ കൺവെൻഷനും മറ്റും വരുകയല്ലേ. പാർട്ടി പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടി ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്നത് പാർട്ടിയോടുള്ള വഞ്ചനയാണ്. പാർട്ടിയിൽനിന്ന് വിട്ടുപോകുന്നവർ പാർട്ടിയെ കുറിച്ച് നല്ലത് പറയില്ലല്ലോ. ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം യു.ഡി.എഫിനെ വിജയിപ്പിക്കുക എന്നതാണ്.
'ഏതായാലും പൂരം കലക്കിയ വിദ്വാന്മാർ ബി.ജെ.പിയും സി.പി.എമ്മുമായിരുന്നു. അത് ഡീലാണ്. ആ ഡീൽ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. അതാണല്ലോ ചിഹ്നം കൊടുക്കാതെ സി.പി.എമ്മിനെ മത്സരിപ്പിക്കുന്നത്. ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കി താമരയ്ക്ക് കുത്താനുള്ള തന്ത്രമാണ്.'.- മുരളീധരൻ അഭിപ്രായപ്പെട്ടു.