'വി മുരളീധരൻ ഒരു പഞ്ചായത്ത് ഇലക്ഷൻ എങ്കിലും ജയിച്ചാൽ സമസ്താപരാധം പറയാം'; കെ മുരളീധരൻ
രണ്ടാം വന്ദേഭാരതിൻറെ ഉദ്ഘാടനയാത്ര ബിജെപി കയ്യടക്കിയെന്ന ആരോപണത്തെച്ചൊല്ലി കെ.മുരളീധരനും വി.മുരളീധരനും തമ്മിലുള്ള വാക് പോര് തുടരുന്നു. താൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരൻ ഒരു പഞ്ചായത്ത് ഇലക്ഷൻ എങ്കിലും ജയിച്ചാൽ സമ സ്താപരാധം പറയാം. തറ രാഷ്ട്രീയം കളിച്ചാൽ അതിനെ വിമർശിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്. രണ്ടാം വന്ദേ ഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ല. ഒന്നാം വന്ദേ ഭാരതത്തിൻറെ ലാഭം കണ്ടാണ് രണ്ടാമത്തേത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
വന്ദേഭാരതിന്റെ ഉദ്ഘാടനം ബിജെപി പരിപാടിയാക്കി മാറ്റിയെന്ന കെ മുരളീധരൻറെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഇന്ന് രാവിലെ രംഗത്ത് വന്നിരുന്നു. ക്ഷണം കിട്ടിയവരാണ് വന്ദേ ഭാരതിൽ യാത്ര ചെയ്തത്. ദിവസം മുഴുവൻ ബിജെപിക്കാരെ കാണേണ്ടി വന്നതിൻറെ അസ്വസ്ഥതയാവും കെ മുരളീധരനുണ്ടായത്. സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റിപറയുന്നയാളാണ് കെ മുരളീധരനെന്നും മന്ത്രി പറഞ്ഞു.