ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് ശൈലജ; ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണെന്ന് ഷാഫി
കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വോട്ടിട്ട ശേഷം കെകെ ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും, കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
വടകരയില്‍ പോളിങ് വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് കെ.കെ.ശൈലജ. കേരളത്തില്‍ നിന്ന് എല്‍.ഡി.എഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു.
ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിലും, ഷാഫി പറമ്പിലിന്റെ വോട്ട് പാലക്കാടാണ്. അതുകൊണ്ടുതന്നെ രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ പ്രതികരിച്ചിരുന്നു. ഫോട്ടോ പതിച്ചതും മോശം പരാമര്‍ശങ്ങളടങ്ങിയതുമായ പോസ്റ്റുകളാണ് പ്രചരിപ്പിച്ചത്. യു.ഡി.എഫ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കെ കെ ശൈലജ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. നാലുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയടക്കം രണ്ടുപേരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ കെ കെ ശൈലജയുടെ പി.ആര്‍ ടീം പടച്ചുവിട്ട നുണയാണിതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.