'രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല'; ജെസ്‌ന ഗർഭിണി അല്ലായിരുന്നെന്ന് സിബിഐ കോടതിയിൽ
ജെസ്‌ന തിരോധാന കേസിൽ വിശദീകരണവുമായി സിബിഐ കോടതിയിൽ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
അതേസമയം, കേസിൽ ചില പ്രധാന വിവരങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്‌നയുടെ അച്ഛൻ കോടതിയിൽ പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും ജെസ്‌നയുടെ അച്ഛൻ ആരോപിച്ചു. എന്നാൽ, കേസിൽ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. കേസ് 23 ലേക്ക് മാറ്റി.